ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനുള്ള കാത്തിരിപ്പിലാണ് രാജ്യം.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി ആർ ജെ ഡി-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജന്‍അധികാർ റാലിയുമായി സജീവമായി കഴിഞ്ഞു. ഭരണകക്ഷിയായ ബി ജെ പി - ജെ ഡി യു പാളയത്തിലാകട്ടെ സീറ്റ് വിതരണം സംബന്ധിച്ചുള്ള ചർച്ചകളും നടന്ന് വരുന്നു.
ബിഹാറില്‍ ഭരണം പിടിക്കാനായി ഇരുകക്ഷികളും തീവ്രപരിശ്രമങ്ങള്‍ നടത്തുന്നതിന് ഇടയില്‍ തന്നെയാണ് ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ രാജ്യത്ത് ആര് അധികാരം നേടുമെന്ന് പ്രവചിക്കുന്ന ഇന്ത്യ ടുഡേ- സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ (MOTN) സർവേ റിപ്പോർട്ടും പുറത്ത് വരുന്നു. ബി ജെ പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (NDA) ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ 324 സീറ്റുകൾ നേടി മിന്നുന്ന പ്രകടനം കാഴ്ചവെക്കുമെന്നാണ് സർവ്വേ റിപ്പോർട്ട് പറയുന്നത്.
മറുവശത്താകട്ടെ, 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 234 സീറ്റുകൾ നേടി എൻ ഡി എയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ 208 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സർവേ പ്രവചിക്കുന്നു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയുടെ ബലത്തിൽ മുന്നേറിയ ബി ജെ പിക്ക് 543-ൽ 240 സീറ്റുകൾ മാത്രമായിരുന്നു നേടാന്‍ സാധിച്ചത്. അതായത് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റുകളിലെത്താന്‍ 32 സീറ്റുകളുടെ കുറവ്. എന്നാൽ ടി ഡി പി, ജെ ഡി യു കക്ഷികളുടെ ബലത്തില്‍ 293 സീറ്റുകൾ നേടി മോദി മൂന്നാം തവണയും സർക്കാർ രൂപീകരിച്ചു. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന് 234 സീറ്റുകളായിരുന്നു നേടാന്‍ സാധിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന , ഹരിയാന, മഹാരാഷ്ട്ര, ഡൽഹി എന്നീ പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സഖ്യത്തിനേറ്റ് തോൽവി അവരുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ ദുർബലപ്പെടുത്തിയപ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ ബി ജെ പിയുടെ സാധ്യതകള്‍ വലിയ തോതില്‍ ഉയർത്തുകയും ചെയ്യുന്നതായും വിലയിരുത്തപ്പെടുന്നു.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബി ജെ പിക്ക് തനിച്ച് 260 സീറ്റുകൾ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. എന്നാൽ തനിച്ച് കേവല ഭൂരിപക്ഷത്തിന് ഇനിയും 12 സീറ്റുകൾ കുറവാണ്. 2025 ഫെബ്രുവരി നടന്ന മോഷന്‍ സർവ്വേയില്‍ ബി ജെ പിക്ക് 281 സീറ്റുകള്‍ പ്രവചിച്ചിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസാകട്ടെ 97 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. അതായത് 2024-ൽ നേടിയ 99 സീറ്റുകളിൽ നിന്ന് വലിയ മാറ്റമില്ല.
ഫെബ്രുവരിയില്‍ നടത്തിയ സർവ്വേയിലെ 78 സീറ്റുകളുടെ പ്രവചനത്തെ അപേക്ഷിച്ച് കോണ്‍ഗ്രസ് പുരോഗതി കൈവരിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് "വോട്ട് ചോരി" ആരോപണത്തിൽ ബിജെപിയെ വിമർശിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ വർധിപ്പിക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം, വോട്ട് വിഹിതം കണക്കിലെടുക്കുകയാണെങ്കില്‍ എൻഡിഎ 46.7 ശതമാനവും ഇന്ത്യാ സഖ്യം 40.9 ശതമാനം വോട്ട് നേടുമെന്നും ഇന്ത്യ ടുഡേ- സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വേ വ്യക്തമാക്കുന്നു.
2025 ജൂലൈ 1 മുതൽ ഓഗസ്റ്റ് 14 വരെ നടത്തിയ സർവേയിൽ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലുമായി 54788 വ്യക്തികളാണ് പങ്കെടുത്തത്. കൂടാതെ സി വോട്ടറിന്റെ ന്റെ സ്ഥിരം ട്രാക്കർ ഡാറ്റയിൽ നിന്ന് 152038 അഭിമുഖങ്ങളും വിശകലനം ചെയ്തു. ഇത്തരത്തില്‍ മൊത്തം 206826 പേരാണ് സർവ്വേയില്‍ പങ്കെടുത്തതെന്നും ഇന്ത്യാ ടുഡെ വ്യക്തമാക്കുന്നു.
Comments
Leave a Comment