4 കോടി അംഗങ്ങള്‍, 1500 എംഎല്‍എമാര്‍- ജെപി നദ്ദ
വിശാഖപട്ടണം: ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ് എന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് സംഘടിപ്പിച്ച ബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 കോടി അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളത്. രണ്ട് കോടി അംഗങ്ങളാണ് സജീവമായിട്ടുള്ളതെന്നും നദ്ദ വിശദീകരിച്ചു.
240 ലോക്‌സഭാ അംഗങ്ങള്‍ ബിജെപിക്കുണ്ട്. ഏകദേശം 1500 എംഎല്‍എമാര്‍ രാജ്യത്ത് മൊത്തമായുണ്ട്. 170ല്‍ അധികം എംഎല്‍സിമാരും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ബിജെപി കൂടുതല്‍ ശക്തമായി എന്നും ഉത്തരവാദിത്തവും പ്രതികരണവുമുള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു.
രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയാണ്. ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന 13 സംസ്ഥാനങ്ങളുണ്ട്. നിയമനിര്‍മാണ സഭകളില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടിയാണ് ബിജെപി. 240 ലോക്‌സഭാ അംഗങ്ങള്‍ പാര്‍ട്ടിക്കുണ്ടെന്നും നദ്ദ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
11 വര്‍ഷമായി ശക്തമായ ഭരണകൂടമാണ് നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യയിലുള്ളത്. ഉത്തരവാദിത്ത ബോധമുള്ള സര്‍ക്കാരാണിത്. മുന്‍ സര്‍ക്കാരുകളുടെ പ്രകടനം മോശമായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിയില്ലെന്നും തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അവര്‍ മറന്നുവെന്നും നദ്ദ കുറ്റപ്പെടുത്തി.
ബിജെപിക്ക് വ്യക്തമായ ആശയ അടിത്തറയുണ്ട്. മറ്റു പാര്‍ട്ടികള്‍ കുടുംബാധിപത്യത്തിന്റെ ഭാഗമായിരുന്നു. അഴിമതിയും പ്രീണനവുമായിരുന്നു അവരുടെ മുഖമുദ്ര. എന്നാല്‍ വാക്ക് പാലിക്കുന്ന സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചു. പൗരത്വ ഭേദഗതി നിയമവും വഖഫ് ഭേദഗതി നിയമവും കൊണ്ടുവന്നു. മുത്തലാഖ് അവസാനിപ്പിച്ചു എന്നും നദ്ദ പറഞ്ഞു.
ഇന്ത്യ ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നിരിക്കുന്നു. മൂന്നാം സ്ഥാനത്തേക്കുള്ള കുതിപ്പ് നടത്തുകയാണ്. ജിഎസ്ടി ഘടനയില്‍ പരിഷ്‌കാരം വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ജിഎസ്ടിയില്‍ നേരത്തെ ഉണ്ടായിരുന്ന നാല് തട്ടുകള്‍ രണ്ടാക്കി കുറച്ചത് ജനങ്ങള്‍ ഗുണം ചെയ്യും. പ്രതിരോധ ചെലവ് ഏഴിരട്ടിയായി വര്‍ധിപ്പിച്ചു. ഫാര്‍മസി രംഗത്ത് സുപ്രധാന ശക്തിയായി ഇന്ത്യ മാറി എന്നും നദ്ദ പറഞ്ഞു.
92 ശതമാനം മൊബൈല്‍ ഫോണുകളും ഇന്ത്യ നിര്‍മിക്കുന്നുണ്ട്. ആന്ധ്ര പ്രദേശിന് വേണ്ടി കോടികളാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നത്. സംസ്ഥാനത്തിന് അമരാവതിയില്‍ തലസ്ഥാനം തയ്യാറാക്കാന്‍ 15000 കോടി രൂപയുടെ അനുമതിയാണ് നല്‍കിയത്. ഐഐടിയും ഐഐഎമ്മും ആന്ധ്ര പ്രദേശിന് വേണ്ടി അനുവദിച്ചു. നേരത്തെ ആന്ധ്ര ഭരിച്ചിരുന്ന വൈഎസ്ആര്‍സിപി ഭരണകൂടം മോശം പ്രകടനമായിരുന്നു എന്നും നദ്ദ ആരോപിച്ചു.
Comments
Leave a Comment