ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചില പാർട്ടികൾ ശരിയായി പരിശോധിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക തയ്യാറാക്കുന്നതിൽ നിയമപരവും സുതാര്യവുമായ നടപടികളാണ് സ്വീകരിക്കുന്നത്. പട്ടിക തയ്യാറാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് പൂർണ്ണ പങ്കാളിത്തമുണ്ടെന്നും വോട്ടർ പട്ടികയെക്കുറിച്ച് എന്തെങ്കിലും പരാതികൾ ഉന്നയിക്കാൻ മതിയായ സമയം അനുവദിച്ചിരുന്നുവെന്നും കമ്മീഷൻ പറഞ്ഞു.ബിഹാറിലെ വോട്ടർ പട്ടിക പുതുക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കും, വോട്ട് തട്ടിപ്പ് ആരോപണങ്ങൾക്കും മറുപടി നൽകുകയായിരുന്നു കമ്മീഷൻ.
'ഇന്ത്യയിലെ പാർലമെൻ്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ഒരു ബഹുമുഖ, വികേന്ദ്രീകൃത സംവിധാനമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിയമങ്ങൾ അനുസരിച്ച്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് (എസ്‌ഡിഎം) തലത്തിലുള്ള ഉദ്യോഗസ്ഥരായ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒമാർ), ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബിഎൽഒമാർ) സഹായത്തോടെ വോട്ടർ പട്ടിക തയ്യാറാക്കുകയും അന്തിമമാക്കുകയും ചെയ്യുന്നു. വോട്ടർ പട്ടിക കൃത്യവും പൂർണ്ണവുമാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഈ ഇആർഒമാർക്കും ബിഎൽഒമാർക്കും ഉണ്ട്.. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം, അതിന്റെ ഡിജിറ്റൽ, ഭൗതിക പകർപ്പുകൾ എല്ലാ രാഷ്ട്രീയ പാർട്ടികളുമായി പങ്കുവെക്കുകയും കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുൻപായി വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടികൾക്കും ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ഒരു മാസത്തെ സമയവും അനുവദിക്കുന്നുണ്ട്. കൂടാതെ, അന്തിമ പട്ടികയുടെ ഡിജിറ്റൽ, ഭൗതിക പകർപ്പുകൾ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായും പങ്കിടുന്നുണ്ടെന്നും കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം, രണ്ട് ഘട്ടങ്ങളുള്ള അപ്പീൽ നടപടിക്രമം നിലവിലുണ്ട്. ആദ്യത്തെ അപ്പീൽ ജില്ലാ മജിസ്‌ട്രേറ്റിനും (ഡിഎം) രണ്ടാമത്തേത് സംസ്ഥാനത്തെ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും (സിഇഒ) സമർപ്പിക്കാവുന്നതാണ്. നിയമപ്രകാരം വോട്ടർ പട്ടിക തയ്യാറാക്കുന്നത് പൂർണ്ണ സുതാര്യതയോടെയാണ്. വോട്ടർ പട്ടികയിലെ തെറ്റുകളെക്കുറിച്ച് ചില രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ഇപ്പോൾ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് ശരിയായ സമയത്തല്ലെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത് ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാനുള്ള സമയത്തായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സ്ഥാനാർത്ഥികളുമായും വോട്ടർ പട്ടിക പങ്കുവെക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം ഇതുതന്നെയാണ്.
ഇവ ശരിയായ സമയത്ത് ശരിയായ ചാനലുകളിലൂടെ ഉന്നയിച്ചിരുന്നെങ്കിൽ, തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തെറ്റുകൾ തിരുത്താൻ കഴിയുമായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെയും ഏതൊരു വോട്ടറുടെയും സൂക്ഷ്മപരിശോധനയേയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോഴും സ്വാഗതം ചെയ്യുന്നു',കമ്മീഷൻ പറ ഞ്ഞു.
Comments
Leave a Comment