കണക്ക് നിരത്തി ജോയ് മാത്യു, കണ്ണേട്ടനോടൊപ്പം എന്നും പരിഹാസം
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ സിപിഎമ്മിനെ വെട്ടിലാക്കുന്ന ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റേത് എന്ന പേരിലാണ് ഈ സന്ദേശം പ്രചരിച്ചത്. സിപിഎം നേതാക്കള്‍ പണം സമ്പാദിക്കുന്ന രീതി വിശദീകരിക്കുന്നതായിരുന്നു ഓഡിയോ. സിപിഎം നേതാവ് എംകെ കണ്ണന്‍, എസി മൊയ്തീന്‍ എന്നിവരുടെ പേരുകള്‍ എടുത്തു പറഞ്ഞുള്ളതായിരുന്നു പ്രചരിച്ച സന്ദേശം.
തൃശൂരില്‍ കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന എംകെ കണ്ണന് ഇന്ന് കോടികളുടെ സ്വത്തുക്കള്‍ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. പദവി കൂടുന്നതിന് അനുസരിച്ച് പിരിവിലൂടെ ലഭിക്കുന്ന പണം കൂടുമെന്നും സൂചിപ്പിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ പോരിന്റെ ഭാഗമായിട്ടാണ് ഓഡിയോ പുറത്തായത് എന്നും പറയപ്പെടുന്നു. ഇതിനിടെയാണ് നടന്‍ ജോയ് മാത്യു സരസമായി വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
കപ്പലണ്ടി വിറ്റും കോടീശ്വരനാകാം എന്ന് പറഞ്ഞ് തുടങ്ങുന്ന ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ലാഭമുണ്ടാകുന്ന കണക്കുകളും വിശദീകരിക്കുന്നു. പതിനഞ്ചു വര്ഷം കഠിനമായി കപ്പലണ്ടി വിറ്റാല്‍ ഏത് കണ്ണനും കോടീശ്വരനാകാം എന്നാണ് കുറിപ്പിന് ഒടുവില്‍ അദ്ദേഹം സൂചിപ്പിക്കുന്നത്. കണ്ണേട്ടനോടൊപ്പം കപ്പലണ്ടിയോടൊപ്പം എന്നും ജോയ് മാത്യു കുറിക്കുന്നു.
ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം: കപ്പലണ്ടി വിറ്റും കോടീശ്വരനാകാം ഇതാ കണക്കുകൾ കപ്പലണ്ടി കിലോയ്‌ക്ക് 25 രൂപ വറക്കുവാനുള്ള ചിലവ് 5 രൂപ ആകെ ചിലവ് 30 രൂപ ഒരു കിലോ കപ്പലണ്ടിയിൽ നുന്നും ഉൽപ്പാദിപ്പിക്കാവുന്ന പൊതികൾ 25 ഒരു പൊതിയുടെ വില 10രൂപ അപ്പോൾ അകെ വിറ്റുവരവ് 25x10=250രൂപ ചിലവ് കഴിച്ചു ലാഭം 220 രൂപ ഒരു ദിവസം വിളിക്കാവുന്ന പാക്കറ്റുകൾ 250 അപ്പോൾ വിറ്റുവരവ് 250x10=2500 രൂപ ചിലവ് 300 ലാഭം 2500-300=2200 രൂപ ഒരു മാസത്തെ വരവ് 2200x30=66000രൂപ ഒരു വര്ഷം 66000x12=792000/-രൂപ പതിനഞ്ചു വര്ഷം കൊണ്ട് കിട്ടുന്ന ലാഭം 792000x15=11880000/- പതിനഞ്ചു വര്ഷം കഠിനമായി കപ്പലണ്ടി വിറ്റാൽ ഏത് കണ്ണനും കോടീശ്വരനാകാം കാര്യമറിയാതെ വെറുതെ പോക്രിത്തരം പറയരുത് കണ്ണേട്ടനോടൊപ്പം കപ്പലണ്ടിയോടൊപ്പം.
Comments
Leave a Comment