രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമ്മയേയും അധിക്ഷേപിച്ചതായി ആരോപിച്ച് ബിജെപി.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന റാലിക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മോശം ഭാഷയില്‍ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കും എതിരെ അധിക്ഷേപം നടത്തിയത്.
സംഭവത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ദര്‍ബംഗയില്‍ വെച്ച് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടിയുടെ സ്റ്റേജില്‍ കയറിയാണ് ആക്ഷേപ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇത് നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ വേദിയില്‍ ഉണ്ടായിരുന്നില്ല.
അതേസമയം പ്രചരിക്കുന്ന വീഡിയോയിലെ വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പിന്നിലായി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തേജസ്വി യാദവ് എന്നിവരുടെ പോസ്റ്ററുകള്‍ കാണാം. ദര്‍ബംഗയിലെ പരിപാടിക്ക് ശേഷം രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും മുസാഫര്‍നഗറിലേക്ക് പോയതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് കയറി മോശം വാക്കുകള്‍ ഉപയോഗിച്ച് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ക്ഷമിക്കാവുന്നതല്ലെന്നും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. അതേസമയം ഇത്തരം ഭാഷ ഉപയോഗിക്കുന്നതിനെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഈ സംഭവത്തെ അപലപിക്കുന്നു എന്നുമാണ് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി പ്രതികരിച്ചിരിക്കുന്നത്.
Comments
Leave a Comment